ചെറു കഥയില്ലായ്മകള്‍

Saturday 13 February 2010

പരിഭ്രമല

          ഉച്ചിയില്‍ കയറിയാല്‍ ആരും പരിഭ്രമിച്ചു പോകുന്നത്ര ഉയരമുളള സ്ഥലമായിരുന്നു പരിഭ്രമല. മലയല്ലാതിരുന്നിട്ടും ചുറ്റുപാടുമായി കിടന്ന ഗ്രാമം മുഴുവന്‍ ആ പേരില്‍ അറിയപ്പെട്ടു. ആളുകള്‍ ഭ്രാന്തനെന്നു കരുതിയിരുന്ന കണിയാന്‍ രാമന്‍ ഗ്രാമത്തിലെത്തിയപ്പോള്‍ അടിവാരത്തിലെ ചെങ്കല്‍ ചീങ്കകള്‍ ചൂണ്ടി അതുവഴി പമ്പാനദിയൊഴുകുമെന്നും, മലയുടെ മുകളില്‍ കയറി അവിടെ സരസ്വതീക്ഷേത്രമുയരുമെന്നും പ്രവചിച്ചു.
കാലമേറെക്കഴിഞ്ഞപ്പോള്‍ പുത്തന്‍ സത്യങ്ങളെ കൊഞ്ഞനം കുത്തുന്ന മിത്തായി രാമന്‍ മാറി. ചെങ്കല്‍ കുന്നുകളെ വകഞ്ഞു മാറ്റിക്കൊണ്ട് പമ്പാ ജലസേചനപദ്ധതിയുടെ വലിയ കനാല്‍ വന്നു. സമുദായത്തിന് കോളേജ് അനുവദിച്ചപ്പോള്‍ കുറഞ്ഞ വിലയ്ക്ക് ഇരുപത് ഏക്കര്‍ ഒത്തുകിട്ടിയത് പരിഭ്രമലയിലാണ്. ഒറ്റപ്പെട്ട ചിലര്‍ സ്ഥലം വില്‍ക്കാന്‍ വിസമ്മതിച്ചപ്പോള്‍ ചില്ലറ അറ്റന്റര്‍ തസ്തികകള്‍ സംവരണം ചെയ്യേണ്ടി വന്നു എന്നു മാത്രം.
മുറിവൈദ്യവും ഇടവേളകളില്‍ നൊസ്സുമായി നടന്ന രാമന്‍ മുതിര്‍ന്നവരുടെ മനസ്സില്‍ പൊടി പിടിച്ച ചിത്രമായി. എന്നാല്‍ ചികിത്സ തേടിയെത്തിയവര്‍ക്ക് അയാള്‍ മറക്കാനാവാത്ത അനുഭവമായിരുന്നു. കാതില്‍ കടുക്കനും, ഒറ്റമുണ്ടും തോളില്‍ തോര്‍ത്തും കയ്യിലൊരു സഞ്ചിയും അല്പം ഭ്രാന്തും ചേര്‍ന്നാല്‍ രാമനുളളതെല്ലാമായി.
ഒരു ദിവസം ഗ്രാമത്തില്‍ വന്ന് വാര്യത്തു നിന്നും ഊണ് കഴിച്ച് കോലായില്‍ രാമന്‍ ഉച്ചമയക്കത്തിലായിരുന്നു. വാര്യര്‍ ചാരുകസേരയില്‍ കിടക്കുന്നു. പടിക്കല്‍ ഒരു കാറു വന്നു നിന്നു. മധ്യവയസ്സു കഴിഞ്ഞ ധനാഢ്യനെന്നു തോന്നിക്കുന്ന ഒരാളും കൂടെ രണ്ടു പേരും ഇറങ്ങി.
''ഇത് അവറാച്ചന്‍ മുതലാളി. ഞങ്ങള്‍ കുമ്പനാട്ടൂന്നു വരുവാ'' ഒരാള്‍ പറഞ്ഞു.
വാര്യര്‍ എഴുന്നേറ്റു.
''എന്താ........... എന്താ വന്നത്? കയറിയിരിക്യ'' ശബ്ദത്തില്‍ പരിഭ്രമം നിഴലിച്ചിരുന്നു.
''രാമന്‍ വൈദ്യനെ ഒന്നു കാണാനിറങ്ങിയതാ. ഇവിടെ കാണുമെന്ന് വഴീലൊരു കൊച്ചന്‍ പറഞ്ഞു.'' അവറാച്ചന്‍ ഒരു കൊട്ടാരം വൈദ്യനെ അവിടെയൊക്കെ പരതി.
''വൈദ്യരോ.................... ഓ രാമനെയാണോ?''
  ''അതേ........ എനിക്ക് ഒന്നു രണ്ടു വര്‍ഷമായിട്ട് വിട്ടുമാറാത്ത വയറുവേദന. പോകാനിനിയൊരു സ്ഥലമില്ല. ഒരുപാടു ഡാക്ടറന്‍മാരെ കാണിച്ചു; രക്ഷയില്ല. മെഡിക്കല്‍കോളേജില്‍ പോയി. നിവൃത്തിയില്ലാഞ്ഞ് വെല്ലൂരും പോയി. മോനങ്ങ് അമേരിക്കേലാ. അവന്റെ പെമ്പിള നേഴ്‌സാ. ഒയ്യോ...........'' അവറാച്ചന്‍ രണ്ടു കൈ കൊണ്ടും വയറു പൊത്തിക്കൊണ്ട് സ്റ്റൂളിലിരുന്ന് കൊഞ്ചു വളയുന്നതുപോലെ വളഞ്ഞു.
''വയ്യാ കുഞ്ഞോ എന്നാ ഒണ്ടായിട്ടെന്താ ഒരു വസ്തു വയറ്റിലോട്ടു കൊണ്ടുചെല്ലാമ്പറ്റത്തില്ല. വേദന തൊടങ്ങിയാപ്പിന്നെ സര്‍വലോകോം കാണാം. അവന്‍ വരുമ്പോ കൂടെ കൊണ്ടുപോയി അമേരിക്കേ കാണിക്കാമെന്നു പറഞ്ഞിരുക്കുവാ. അയ്യോ.............. എന്റെ കര്‍ത്താവേ..........''
വാര്യര്‍ ഒരു പുല്‍പ്പായ ഇട്ടു കൊടുത്തു. കൂടെ വന്നവര്‍ അവറാച്ചനെ വീശുപാള കൊണ്ടു വീശി.
''അങ്ങനിരിക്കുമ്പളാ പുല്ലാട്ടുളള ഒരു നായര്-വല്യ ആളുകളാ- അങ്ങ് തിരുവിതാംകൂര്‍ രാജകുടുംബത്തിലൊക്കെ  പോയി ചികിത്സിച്ച ഒരു വൈദ്യന്‍ ഇവിടൊണ്ടെന്നു പറേന്നത്. ഇങ്ങോട്ടു വന്നില്ലാരിക്കും ഇല്യോ?''
കോലായുടെ മൂലയില്‍ സഞ്ചിയില്‍ തലയും വെച്ച് ചുരുണ്ടു കിടന്നിരുന്ന കൊട്ടാരം വൈദ്യന്‍ കൂര്‍ക്കം വലിക്കുന്നുണ്ടായിരുന്നു.
വാര്യര്‍ അടുത്തുചെന്ന് തട്ടി വിളിച്ചു.
''രാമാ എടോ രാമാ തന്നെ ആരോ കാണാന്‍ വന്നിരിക്കുന്നു.''
രാമന്‍ മുണ്ടും വാരിപ്പിടിച്ച് അസ്വസ്ഥതയോടെ എഴുന്നേറ്റു.
''ങേ............ ആരാ.............'' ഇരുന്നുകൊണ്ടുതന്നെ ചോദിച്ചു. അതുകേട്ടാല്‍ മലയാളമാണെന്ന് തോന്നുമായിരുന്നില്ല.
അവറാച്ചന്റെ കണ്ണിലും ഒരു നഷ്ടബോധം തോന്നിച്ചു. രണ്ടുമൂന്നു ലിറ്റര്‍ പെട്രോളിന്റെ നഷ്ടം................... അലച്ചിലിന്റെ നഷ്ടം................. വേദനയുടെ നഷ്ടം. കൊട്ടാരം വൈദ്യനെക്കണ്ട് അവറാച്ചന്‍ ചോദിച്ചു:
 ''ഇതാന്നോ ആള്? ''
''ആ..................... ഇതാ രാമക്കണിയാര്. എടോ ഇവര് തന്നെക്കാണാന്‍ കുമ്പനാട്ടൂന്നു വരുവാ.''
വൈദ്യന്‍ എഴുന്നേറ്റ് മുണ്ട് വയറിനു മുകളില്‍ കയറ്റിയുടുത്ത് മൂത്രമൊഴിക്കാന്‍ തെക്കേപ്പറമ്പിലേക്കു പോയി. പോയ കൂട്ടത്തില്‍ കൂടെയുളളയാളിനോടു ചോദിച്ചു: ''അങ്ങേര്‍ക്കെന്തോന്നാ?''
''മുതലാളിക്ക് രണ്ടുമൂന്നുവര്‍ഷമായി വല്ലാത്ത വയറുവേദന. മുമ്പേ കൊറേശ്ശെ തൊടങ്ങിയതാ. ഇനീം കൊണ്ടുപോകാനൊരാശുപത്രിയില്ല. അങ്ങേര്‍ക്കെന്തോയ്‌ന്റെ കച്ചോടമാ?  മുതലാളിക്ക് കച്ചോടമൊന്നമില്ല. മക്കളും മരുമക്കളുമൊക്കെ അങ്ങ് അമേരിക്കേലാ. ഇപ്പം നല്ല കാശല്യോ........................? പണ്ട് കുടിയേറ്റമൊക്കെയായിട്ട് കാഞ്ഞിരപ്പള്ളീലൊക്കെയായിരുന്നു. അന്നത്തെ ഒരു വല്യ കൃഷിക്കാരനാ. മൂത്തമോന്‍ നേഴ്‌സിനെക്കെട്ടി അമേരിക്കേ പോയേ പിന്നാ കുമ്പനാട്ടോട്ടു തിരിച്ചു വന്നേ.''
അവറാച്ചനും ഇതൊക്കെ പതുക്കെ കേള്‍ക്കുന്നുണ്ടായിരുന്നു. തല നരച്ച കറുത്തു മെല്ലിച്ച കണിയാരെ അയാള്‍ക്കൊട്ടും പിടിച്ചില്ല. എങ്കിലും വന്ന നിലയ്ക്കു ചോദിച്ചു:
''വൈദ്യരേ വല്ലാത്ത വയറുവേദന . തത്ക്കാലത്തേക്കു വല്ല മരുന്നോ പൊടിയോ മറ്റോ ഒണ്ടോ?''
'' ഓ........................... അങ്ങനെ ഞാന്‍ മരുന്നൊന്നും തരത്തില്ല. പിന്നെ കുഞ്ഞേ കുറച്ചു സംഭാരം തന്നാട്ടെ. ഒണ്ടെങ്കി കൊറച്ച് ഇവര്‍ക്കും കൊടുത്താട്ടെ.''
വൈദ്യരുടെ രീതി അവറാച്ചനു തീരെ പിടിച്ചില്ല.
''പിന്നേ................. കാഞ്ഞിരപ്പള്ളീലെ കൃഷിക്കാരൊക്കെ എന്നോ കഴിച്ചേച്ചാ പണിക്കു പോന്നേ?''
തന്റെ ഇല്ലായ്മകളുടെ കാലത്തെ കാര്യങ്ങളൊക്കെ ചോദിക്കുന്നത് മനപ്പൂര്‍വമാണെന്നു കരുതിയ അവറാച്ചന്‍ അനിഷ്ടത്തോടെ പൊതുവായൊരുത്തരം പറഞ്ഞു. ''അന്ന് പണിക്കു പോന്നോരൊന്നും കഴിച്ചേച്ചല്ല പോന്നേ. ചെലരൊക്കെ കപ്പയോ കെഴങ്ങോ വല്ലോം ചുട്ടു തിന്ന് കട്ടന്‍ കാപ്പീം കുടിക്കും.''
ഇതിനിടയില്‍ സംഭാരം കൊണ്ടുവന്നത് എല്ലാവരും കുടിച്ചു. രോഗിയുടെ അസ്വസ്ഥതയ്ക്ക് അല്പം ശമനം ഉണ്ടായതും ആശ്വാസം തോന്നിയതും ആരും അറിഞ്ഞില്ല.
അവറാച്ചനും മറ്റും പോകാനെഴുന്നേറ്റു.
''എന്നാ ഞങ്ങളങ്ങോട്ടു ചെല്ലട്ടെ.''
''രാമാ അവരോടൊന്നും പറഞ്ഞില്ല.''
''ഒരു കാര്യം ചെയ്യ്. നിങ്ങടവിടൊക്കെ കപ്പക്കെഴങ്ങു കിട്ടുമെങ്കി രാവിലെ ഓരോന്ന് അടുപ്പിലിട്ട് ചുട്ട് കുറച്ചു ചാമ്പലോടെ തിന്നാട്ടെ.''
അപകര്‍ഷതയോടെയും പുച്ഛത്തോടെയും അവറാച്ചന്‍ വേഗം റോഡിലേക്കു നടന്നു ചെന്ന് കാറില്‍ കയറിപ്പോയി.
അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ വാര്യര്‍ കസേരയില്‍ നിന്നും ചാടിയെഴുന്നേറ്റു.
''ഫ........! ദരിദ്രന്‍ പത്തു രൂപാ ദൈവമായിട്ട് കൊണ്ടുക്കൊടുത്താലും അയാള്‍ക്കു വേണ്ടാ. താനെന്താടോ ആ മാപ്ലയ്ക്ക് മരുന്നൊന്നും കൊടുക്കാഞ്ഞത്?''
''ഇവിടുന്ന് ദേഷ്യപ്പെടാതിരുന്നാട്ടെ. ഞാന്‍ വേണ്ടതൊക്കെ ചെയ്തിട്ടൊണ്ടേ. വേദനയ്‌ക്കൊരു ആശ്വാസത്തിനാ മോരു കൊടുത്തത്. അത് മാറിയത് അയാളോ അറിഞ്ഞില്ല. കുഞ്ഞ് എന്തോന്നാ വിചാരിച്ചത്? പത്തമ്പതു വര്‍ഷം, കാലത്തെ കപ്പ ചുട്ടുതിന്നു കഴിച്ചോന്‍ പെട്ടന്നൊരു ദിവസം മുതല്‍ ഇപ്പഴത്തെ പുതിയ പലഹാരങ്ങലും തിന്നു തുടങ്ങിയാ വയറിനു പിടിക്കുവോ? അതാ കപ്പ ചുട്ടു തിന്നാന്‍ പറഞ്ഞേ. പിന്നെ പുതുപ്പണക്കാരന്റെ പുത്തന്‍ നമുക്കു വേണോ?''
 ഇതും പറഞ്ഞ് രാമക്കണിയാര്‍ സഞ്ചിയുമെടുത്തു നടന്നു മറഞ്ഞു.
പിന്നൊരിക്കല്‍ നേരം വെളുത്തപ്പോള്‍ അവറാച്ചന്‍ മുതലാളി കാറുമായി വന്നു. അയാള്‍ പടി കടന്നു വരുമ്പോള്‍ വാര്യര്‍ കണ്ണടയ്ക്കു മുകളിലൂടെ സൂക്ഷിച്ചു നോക്കി.
''അവിടുന്നു പൊറുക്കണം. അവറാനൊരു തെറ്റു പറ്റി. അങ്ങൂന്ന് ആ വൈദ്യനെയൊന്നു വിളിപ്പിക്കണം.''
''എന്താ......... എന്താ പറ്റിയേ................? ''
''ഞാന്‍ എന്റെ വയറുവേദനേം കൊണ്ട് ആശുപത്രിയായ ആശുപത്രിയൊക്കെ നെരങ്ങി. വേദന കൂടിയതല്ലാതെ കുറഞ്ഞില്ല. കപ്പക്കിഴങ്ങു ചുട്ടുതിന്നാന്‍ പറഞ്ഞപ്പോ എന്റെ ദാരിദ്ര്യത്തെ കളിയാക്കിയതാണെന്നു ഞാന്‍ വിചാരിച്ചു. കൂടെ വന്ന വര്‍ക്കി അതൊന്നു പരീക്ഷിക്കാന്‍ പറഞ്ഞപ്പോ ഇയ്യിടെയാണൊന്നു നോക്കിയത്. അത്ഭുതമെന്നു പറഞ്ഞാ ഇതിപ്പരമൊന്നു പറയാനില്ല. വേദന പരിച്ഛദം മാറി. ഇപ്പം ഒരസുഖോമില്ല. വര്‍ക്കീ ................... അതൊക്കെയിങ്ങോട്ടെട്.''
വര്‍ക്കിയും ഒന്നുരണ്ടു പേരും കൂടി കാഴ്ച വസ്തുക്കളും മുണ്ടും തുണിയുമൊക്കെക്കൂടി താങ്ങിക്കൊണ്ടു വന്നു.
''അവിടുന്ന് വൈദ്യനെയൊന്നു വിളിപ്പിച്ചാട്ടെ. എന്നിട്ടേ ഞാന്‍ പോകത്തൊള്ളൂ. ആ കാലേലൊന്നു പിടിച്ചില്ലെങ്കി അവറാനൊറക്കം വരത്തില്ല.''
''രാമന്‍ ഒരു ചികിത്സയിലാ ഒടനെ കാണാമ്പറ്റത്തില്ല.''
''ദൂരെയെവിടെങ്കിലും പോയാരിക്കും ഇല്യോ? എന്നാ കാറും ഡ്രൈവറേം കൂടെ വിടാം.''
''അതു കൊണ്ടു കാര്യമില്ല. ചികിത്സ കഴിഞ്ഞല്ലേ വരലും കാണലുമൊക്കെ നടക്കൂ.''
ആഴ്ചകള്‍ക്കു മുന്‍പ് വാര്യത്തെ തെക്കിനിയില്‍ ഒരു മഹാവൈദ്യന്‍ ചികിത്സ തേടിയെത്തിയിരുന്നു.
''കുഞ്ഞോ ഞാനീ ചായ്പിലോട്ടു കെടക്കുവാ. വെളീന്നങ്ങു പൂട്ടിയാലും കൊഴപ്പമില്ല.''
അപ്പപ്പോള്‍ മുന്നില്‍ കാണുന്ന കാട്ടുചെടികള്‍ കൊണ്ട് സിദ്ധവൈദ്യം ചമച്ച് നാട്ടാരുടെ മുഴുവന്‍ രോഗങ്ങള്‍ ശമിപ്പിച്ചിരുന്ന വൈദ്യന് രണ്ടു മാസം സ്വയം തീര്‍ക്കുന്ന ബന്ധനം അനിവാര്യമായിരുന്നു.വാര്യത്തെ കഞ്ഞിയും, നേരത്തെ പറഞ്ഞു കൊടുത്തിരുന്ന പച്ച മരുന്നുകളും ചൂടു ശമിപ്പിക്കാതെ വരുമ്പോള്‍ അയാള്‍ പുതിയ അഷ്ടാംഗഹൃദയം ഉറക്കെപ്പറഞ്ഞു. പലപ്പോഴും മുടി വലിച്ചു പറിക്കയും ഭിത്തിയിലിട്ടു തൊഴിക്കയും ചെയ്തു.
അതുകൊണ്ട് ആരും രാമനോട് ആദ്യം സ്വയം ചികിത്സിക്കു വൈദ്യരേ എന്നു മാത്രം പറഞ്ഞില്ല.

Monday 4 January 2010

തെക്കോട്ടു പോകുന്ന ആള്‍

തെക്കോട്ടു പോകുന്ന ആള്‍
     'മക്കളെത്രയുണ്ടെന്നു പറഞ്ഞിട്ടെന്താ പ്രായമാകുമ്പം ഒരുത്തനും ഉണ്ടാവുകയില്ല'.
പത്മനാഭന്‍ രോഷത്തോടെ പറഞ്ഞു. മക്കളേഴുണ്ട്;അഞ്ചാണും രണ്ടു പെണ്ണും. ഓരോരുത്തരും അവരവരുടെ വഴിക്കാണ്. കല്യാണം കഴിച്ചു വിട്ട രണ്ടു പെണ്‍മക്കളാണ് വല്ലപ്പോഴും അന്വേഷണത്തിനെങ്കിലും എത്തുന്നത്.
കുറെ ദിവസമായി ഭവാനി പരാതി പറയുകയാണ്. അവളുടെ സന്ധിബന്ധങ്ങളിലെല്ലാം വേദന. പത്തറുപറുതു വര്‍ഷക്കാലം കൊണ്ട് അസ്ഥികളൊക്കെ തേഞ്ഞു. ഓരോ പേറും കഴിയുമ്പോള്‍ നട്ടെല്ലിന്റെ കണ്ണികള്‍ ഒന്നൊന്നായി അകലുകയായിരുന്നത്രേ!  അകന്നതൊക്കെ അകന്നെന്നും ഇനിവല്ല എണ്ണയോ കുഴമ്പോ പുരട്ടി തിരുമ്മാനേ നിവൃത്തിയുളളുവെന്നും ഡോക്ടറു പറഞ്ഞൊഴിഞ്ഞു.
     ഇതൊന്നും വിശദമായി അവളോടു പറഞ്ഞിട്ടില്ല. കാലുകള്‍ക്ക് ശരീരത്തെ താങ്ങാനാകാതെയായി. ജോലി സ്ഥലങ്ങളിലും ഭാര്യാവീടുകളിലുമായി കഴിയുന്ന ഒരുത്തനും എണ്ണയും കുഴമ്പും വാങ്ങാന്‍ നൂറു രൂപയോ വിവരങ്ങളന്വേഷിച്ച് ഒരെഴുത്തോ അയയ്ക്കാറില്ല. മുജ്ജന്‍മത്തിലെ ശത്രുക്കള്‍ മക്കളായി പിറക്കും എന്നു കേട്ടിട്ടുണ്ട്. ഇപ്പോള്‍ അനുഭവമായി. അവന്‍മാരെല്ലാം എന്തോ പ്രതികാരം തീര്‍ക്കുന്നതുപോലെയാണ് പെരുമാറുന്നത്.
     തനിക്കും ആവതുണ്ടായിട്ടല്ല; രണ്ടടി നടന്നാല്‍ ക്ഷീണമാണ്. ആയ കാലത്ത് മക്കളെയെല്ലാം പട്ടിണിക്കിടാതിരികാന്‍ അദ്ധ്വാനിച്ചു. കിതപ്പും ചുമയും ശ്വാസംമുട്ടലും കാരണം അധികമെങ്ങും പോകാന്‍ വയ്യ. എത്ര ദിവസമായി ഭവാനി ആശുപത്രിയില്‍ പോകുന്ന കാര്യം പറയുന്നു.
     എങ്ങനെയെങ്കിലും മെഡിക്കല്‍ മിഷനില്‍ കൊണ്ടു പോകണം. വയസ്സായെന്നു പറഞ്ഞാല്‍ ആര്‍ക്കു മനസ്സിലാകാനാണ്. മാംസപ്പറ്റുള്ളടെത്തെല്ലാം അവള്‍ക്കു വേദനയാണ്. മാംസമൊന്നുമില്ല;ചുക്കിച്ചുളിഞ്ഞ തൊലിക്കുള്ളില്‍ മറ്റൊരു തൊലി. ഉണര്‍ന്നിരിക്കുമ്പോഴൊക്കെ 'അയ്യോ, അമ്മേ' എന്നൊരു പല്ലവി മാത്രമേ അവള്‍ക്കുളളൂ. ആര്‍ക്കും വേണ്ടാത്ത തകരപ്പാത്രങ്ങളൊക്കെയും കുപ്പയില്‍ കിടന്നു ദ്രവിക്കുന്നതു പോലെയായിരിക്കും അവളുടെ അസ്ഥികളൊക്കെ പൊടിയുന്നത്.
     അല്പമൊരാവതുണ്ടെങ്കില്‍ അവള്‍ രാവിലെ തന്നെ കുളിക്കും. വൈകുന്നേരം ശുദ്ധി വരുത്തി നാമം ജപിക്കും. ഈയ്യിടെയായി 'എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ' എന്ന വിളി സദാ കേള്‍ക്കാം. കുറേശ്ശെ ഓര്‍മ്മക്കുറവും വന്നു തുടങ്ങിയോ എന്നു സംശയം. പണ്ടൊക്കെ തന്നെക്കാണുമ്പോള്‍ ഭവ്യതയോടെ എഴുന്നേറ്റു നില്‍ക്കാറുണ്ടായിരുന്ന അവള്‍ ഇപ്പോള്‍ തളര്‍ന്നൊരു നോട്ടമാണ്. കണ്ണുകള്‍ എന്നോ കുഴിഞ്ഞു താഴ്ന്നുപോയി.
     എല്ലാം തന്റെ കണ്‍മുന്നില്‍ നടന്നിട്ടും കാര്യമായി ശ്രദ്ധിച്ചത് അവള്‍ക്ക് വയ്യാതായപ്പോഴാണ്. അവിടവിടെ മുട്ടും മുഴങ്ങുമുളള കപ്പത്തണ്ടുപോലെയായി അവളുടെ വിരലുകള്‍. തന്നെക്കാള്‍ പ്രായവും അവശതയും അവള്‍ക്കാണിപ്പോള്‍. അതെങ്ങനാ അവളുടെ ചോരയും നീരും ഊറ്റിക്കുടിച്ചു കൊഴുത്തു വളര്‍ന്നില്ലേ കുറെ കംസന്‍മാര്‍! ഫാ.................... ഒന്നല്ലേ വേറൊന്നില്ലല്ലോ ഭഗവാനേ..................! മര്‍മ്മങ്ങളില്‍, അസ്ഥികളില്‍, സന്ധിബന്ധങ്ങളില്‍ എല്ലാം അസഹ്യമായ വേദനയാണെന്നാണവള്‍ പറയാറ്. സര്‍വത്ര ശരീരക്ഷീണം; എന്നാലുമവള്‍ക്കു വിശപ്പില്ല.
     പദ്മനാഭന്‍ മണ്ണെണ്ണവിളക്കില്‍ നിന്നും ഒരു ബീഡിക്കു തീ കൊളുത്തി. ചുമ.............വല്ലാത്ത ചുമ. എങ്കിലും ശീലിച്ചു പോയി. ശ്വാസംമുട്ടി വലിക്കുമ്പോള്‍ തീരുമാനിക്കും ഇനി ഒരിക്കലും ബീഡി വലിക്കരുതെന്ന്.
'നേരം വെളുക്കെട്ടെടീ നമുക്ക് മോടടുത്ത് പോയിട്ട് അവളേം കൂട്ടി ആശുപത്രീ പോകാം.'
    കുറ്റാക്കുറ്റിരുട്ട്. എല്ലായിടവും ഇരുട്ടു മാത്രം. കറുത്തവാവായിരിക്കും. വെറുതെയല്ല ശ്വാസം വലിക്കാനൊരു ബുദ്ധിമുട്ട്. തണുത്തു പുളിച്ച കുറെ കഞ്ഞി ഇരുപ്പുണ്ട്. അവള്‍ ഇനി കഴിക്കുമെന്നു തോന്നുന്നില്ല. അവള്‍ക്കു വേണ്ടെങ്കില്‍ പിന്നെ ശ്വാസം കഴിക്കാന്‍ പോലും ബുദ്ധിമുട്ടുന്ന തനിക്കെന്തിനാണു കഞ്ഞി? മനസ്സിലും ശരീരത്തിലും വേദന അരിച്ചരിച്ചു കയറുന്നു. ഇങ്ങനെയും ഒരു കാലമുണ്ടല്ലോ ഈശ്വരാ! ഇനി കിടക്കാം. നേരം വെളുത്ത് എഴുന്നേല്‍ക്കണ്ടതല്ലേ. ഓ അല്ലെങ്കില്‍ മുറ്റത്തൊന്നിറങ്ങിയിട്ടാകട്ടെ.
'ഭവാനീ നീയാണോ തീപ്പെട്ടിയുരച്ചത്?'
     വന്നുവന്ന് അവള്‍ക്കുറക്കവുമില്ല. ഇരുട്ടിനെ ഭയമായിത്തുടങ്ങിയിരിക്കും. എന്തെങ്കിലും ശബ്ദം കേട്ടാലുടനെ അവള്‍ വിളക്കു കൊളുത്തും. വാവുദിവസത്തെ ഇരുട്ടിനുണ്ടോ മണ്ണെണ്ണവിളക്കിനെ ഭയം? ഈശ്വരോ രക്ഷതു.
രാവിലെ തന്നെ ആശുപത്രിയിലേക്കു തിരിച്ചു. ബസ്സു വരാന്‍ താമസിക്കുമോ?
'ഭവാനീ നീയിങ്ങനെ വഴിയില്‍ വന്ന് കുത്തിയിരിക്കാതെ. ആളുകള്‍ കണ്ടാ നാണക്കേടാ, വണ്ടിയിപ്പോ ഇങ്ങു വരും'.
     പാവം കാലിനു ശരീരത്തെ താങ്ങാന്‍ വയ്യെങ്കില്‍ എന്തു ചെയ്യും? വയ്യാഴികയ്ക്ക് നാണക്കേടെന്നു വല്ലതുമുണ്ടോ? ഓ ഇപ്പോ മിണ്ടാട്ടവും കുറഞ്ഞു. അല്ലെങ്കില്‍ തന്നെ എന്തു മിണ്ടാനാണ്? വായിട്ടലച്ചാല്‍ വേദന മാറുമോ?
'എടീ വണ്ടി വരുന്നു സൂക്ഷിച്ചു കയറണം വല്യ തെളളാണെന്നു തോന്നുന്നു. കുരിശുകവലേലെറങ്ങണം കേട്ടോ?
ഹോ ഇങ്ങനേമൊണ്ടോ ഒരു തെളള്! അതിന്റെടേലാ അവന്റെയൊരു തളളിക്കയററം. ഇപ്പഴത്തേ പിളളാര്‍ക്കൊന്നും ഒരു മര്യാദയുമില്ല. 'നീങ്ങി നില്‍ക്കാന്‍! ഇതിനെടേലെങ്ങോട്ടു നീങ്ങാനാ.'
' രണ്ടു കുരിശുകവല'
ഞാനെവിടുന്നു ചില്ലറ വാങ്ങിക്കാനാ. അല്ല ഇതു കൊണ്ടു പോയി നീയൊന്നും നന്നാവുകേല. ഈ തളളില്‍ ഭവാനി എന്തു ചെയ്യുമോ എന്തോ? തിരക്കില്ലായിരുന്നെങ്കില്‍ തറയിലായാലും അവള്‍ ഇരുന്നേനെ.
'കുരിശുകവല വേഗമാട്ടെ വേഗമാട്ടെ'
'ആളൊണ്ടേ...........'
'ഇങ്ങോട്ടെറങ്ങു മൂപ്പിലാനേ............ ഇയ്യാളെന്തുവാടോ ഡാന്‍സു കളിക്കുന്നേ?'
'മുമ്പീന്നൊരാളൂടൊണ്ടേ.............'
'ആരാ എറങ്ങാനൊള്ളേ ........... പേരു പറേടോ........'
 'എടീ.....എടിയേ'
'എന്താടോ പെണ്ണുപിളളയ്ക്കു പേരില്ലിയോ?'
 'ഭവാനി.. ഭവാനിയേ...........എടീ ഭവനിയേ.........'
 'ആണ്ടെടോ വരുന്നു അതാണോ ഭവാനിയെന്നു നോക്ക് പാം............പാം...........'
വേദനയോടെ നിസ്സഹായതയോടെ പദ്മനാഭന്‍ തിരിഞ്ഞു നോക്കി. തലയില്‍ വിറകുകെട്ടുമായി ഒരു കറുത്ത രൂപം നടന്നു നീങ്ങുന്നു. വിറകുമായി പോകുന്ന രൂപത്തെ കാണെക്കാണെ കണ്ണില്‍ ഇരുട്ടു കയറിയ അയാള്‍ തലയില്‍ കയ്യും വെച്ച് അരികില്‍ കണ്ട െൈമെല്‍കുറ്റിയില്‍  ഇരുന്നു.

Wednesday 16 December 2009

അവള്‍ ഒരു സെപ്റ്റംബര്‍

(മൊബൈല്‍ കാലത്തിനു മുമ്പത്തെ പ്രണയം)
           സ്മിതാ, തീവണ്ടിയിലെ ഗാര്‍ഡിന്റെ മുറിയില്‍ കയറി ഞാന്‍ പച്ചക്കൊടി കാണിച്ചുപോയി. ഈ വണ്ടിക്കിനി മുമ്പോട്ടു പോകുകയേ നിര്‍വ്വാഹമുളളൂ. കേവലം രണ്ടുമൂന്നു മാസത്തെ പരിചയം മാത്രമുളള നമ്മള്‍ അടുത്തു എന്നറിയുമ്പോള്‍ അദ്ഭുതം തോന്നുന്നു. സത്യമോ ഇത്? എന്തോ എന്റെ ഭാഗത്ത് ഇത് സത്യമാണ്.
           കണ്ട ആദ്യ ദിവസം തന്നെ നിന്നെ വല്ലാതെ ഞാന്‍ ഇഷ്ടപ്പെട്ടു പോയി. എന്തു ചെയ്യാം അതു വെളിപ്പെടുത്താന്‍ കഴിയാത്ത ഒരു റോളായിപ്പോയില്ലേ? തോറ്റവരെ മാത്രം പഠിപ്പിക്കാന്‍ വിധിക്കപ്പെട്ട എനിക്ക് സെപ്റ്റംബറും മാര്‍ച്ചും വേര്‍പാടിന്റെ വേദനകള്‍ സമ്മാനിക്കുന്ന മാസങ്ങളായിരുന്നു. ആദ്യമായാണ് ഒരു സെപ്റ്റംബര്‍ എന്നെ ആഹഌദിപ്പിക്കുന്നത്. എന്റെ ഗൗരവമെല്ലാം ഒരു വെറും അഭിനയമായിരുന്നു. ഇപ്പോള്‍ ഞാനുറങ്ങുന്നതും ഉണരുന്നതും നിന്റെ മുഖം മനസ്സില്‍ കണ്ടുകൊണ്ടാണ്. ഇതു പറയാന്‍ ഒട്ടും ലജ്ജയില്ല. കാരണം സത്യമതാണ്. ആരും നിന്നെ ഇഷ്ടപ്പെട്ടുപോകും; പക്ഷേ ഇങ്ങോട്ടൊരു താല്‍പ്പര്യം വരാന്‍ നിനക്കെന്തു വട്ടാണെന്നാണ് സംശയം. നോക്കി ഉത്തരം പറയുന്ന നോട്ടുബുക്ക് മടക്കി വെച്ച കയ്യില്‍ കയറിപ്പിടിച്ചപ്പോള്‍ അങ്ങനെയൊരു വട്ടുണ്ടെന്നു തോന്നി.
           ഇഷ്ടപ്പെട്ടു പോയി. എന്റെ കുറ്റമാണോ? വീട്! ഓ നാലുകെട്ടൊന്നുമല്ല. ഓര്‍ക്കണേ..... ഞാനൊരു വെജിറ്റേറിയനാണ്. കുഞ്ഞ് ഇപ്പൊഴേ ഓരോന്ന് ഉപേക്ഷിച്ചു തുടങ്ങിക്കോ. നിറഞ്ഞ ഹൃദയത്തോടെ ഞാനീയോര്‍മ്മകളെ താലോലിക്കുകയാണ്. വെളളം പൊങ്ങിക്കിടക്കുകയല്ലേ, കടത്തു കടക്കുമ്പോള്‍ സൂക്ഷിക്കണേ. ഇനിയുമെഴുതാന്‍ വേണ്ടി ഇപ്പോള്‍ നിര്‍ത്തട്ടെ.

          സ്മിതാ, വീണ്ടും സെപ്റ്റംബര്‍ വന്നെത്തി; പഴയതുപോലെതന്നെ. വിവരങ്ങള്‍ വായിച്ചറിഞ്ഞു. ആ ഹൃദയവിശാലതയ്ക്ക് എങ്ങനെ നന്ദി പറയണമെന്നറിഞ്ഞുകൂടാ. മനസ്സിന്റെ കോണിലെവിടെയോ ഒരു വേദന. 'സ്‌നേഹിക്കാതിരിക്കുന്നതിലും ഭേദം സ്‌നേഹിച്ചു പിരിയുന്നതാണ്' എന്ന് ഓട്ടോഗ്രാഫിലെഴുതിയത് അറം പറ്റിയോ? നീ വായിക്കാന്‍ വിട്ടു പോയ ഏതാനും താളുകള്‍ ഞാന്‍ തുറന്നു വെയ്ക്കുകയാണ്. നൊമ്പരപ്പെടുന്ന മനസ്സ് ആരെയെങ്കിലും കുറ്റപ്പെടുത്താന്‍ അതിയായി ആഗ്രഹിച്ചു പോകും. എന്നാല്‍ കേവല നിസ്സംഗതയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ പഴയ ഓര്‍മ്മയുടെ തണലില്‍ ആത്മഹര്‍ഷം പൂണ്ട് ഞാന്‍ ഇത്തിരിനേരമിരുന്നോട്ടെ.
           എല്ലാം ഇനി ഒരു സ്വപ്നം. മനസ്സിന്റെ സംഘര്‍ഷങ്ങളും അഭിനിവേശങ്ങളും അറിയാനും അറിയിക്കാനും എഴുതിയ കത്തുകള്‍ നാം ഇരിക്കാറുണ്ടായിരുന്ന ആറാട്ടുകടവിലെ കല്പടവിലിരുന്നുകൊണ്ട് ഒരേറുകൊടുക്കണം.അതുവഴിപോകുമ്പോള്‍ ജീവിതത്തിലെ സംതൃപ്തമായ ചില നിമിഷങ്ങള്‍ അവിടെ ചെലവഴിച്ചിരുന്നു എന്ന് എനിക്ക് ഓര്‍മ്മിക്കാമല്ലോ? എന്തു ചെയ്യണമെന്ന്! എല്ലാം നീതന്നെയല്ലേ തീരുമാനിക്കണ്ടത്? വൈമനസ്യത്തോടെ വീട്ടുകാരുടെ തീരുമാനം അംഗീകരിക്കാന്‍ നിര്‍ബന്ധിതയാണെന്നല്ലേ ധ്വനി? ഉചിതമായതുതന്നെ ചെയ്യുക; ഉറച്ചുതന്നെ ചെയ്യുക. പിന്നീടൊരിക്കലും പശ്ചാത്തപിക്കാനിട വരരുത്. എപ്പോഴും അങ്ങനെയാണല്ലോ ഞാന്‍ പറഞ്ഞിട്ടുളളതും. എന്റെ മാനസപുത്രന്‍മാര്‍! അവരെയോര്‍ത്തു നീ വിഷമിക്കേണ്ട. ജനിച്ചാല്‍ ഒരിയ്ക്കല്‍ മരിക്കണം. പിന്നെയല്ലേ ജനിക്കാത്തവരുടെ മരണം! അവരെയടക്കാന്‍ എന്റെ മനസ്സില്‍ത്തന്നെ ഒരല്‍പം ഇടം കണ്ടെത്തിക്കൊളളാം. മരണം! ഇത്ര നിശ്ചിതമായി ജീവിതത്തില്‍ മറ്റെന്താണുളളത്? ഓര്‍ക്കാനാഗ്രഹിക്കാത്ത ഈ യാഥാര്‍ത്ഥ്യം പോലെ അവരെ ഞാന്‍ മറന്നുകൊളളാം. അല്ല ഒന്നോര്‍ത്താല്‍ അലംഘനീയമായ, ശാശ്വതമായ അവസാനത്തേക്കാള്‍ ഹൃദയഭേദകമല്ലേ വേര്‍പാടെന്ന ജീവിച്ചിരിക്കെയുളള മരണം?
            എന്തെങ്കിലും ചെയ്തുകളയുമോ എന്ന്! എന്നെപ്പറ്റി നീ എത്രമാത്രം ചിന്തിച്ചു കഴിഞ്ഞിരിക്കുന്നു. ഇല്ല സ്മിത, എല്ലാ കാര്യങ്ങളും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ആലോചിച്ചു നോക്കിയിട്ടുണ്ട്. ഞാന്‍ ഒരിയ്ക്കലും ആത്മഹത്യ ചെയ്യുകയില്ല. ജീവിതത്തോട് അത്ര ആര്‍ത്തിയാണ് എനിക്ക്. നൈരാശ്യം ശൂന്യത സൃഷ്ടിച്ച നിമിഷങ്ങളില്‍ ഞാനെല്ലാം ഒത്തു നോക്കിയിട്ടുണ്ട്. എനിയ്ക്കു ജീവിതത്തോടൊത്തു നില്‍ക്കുന്നതു തന്നെ മരണവും. എങ്കിലും എത്ര ശിക്ഷ നിറഞ്ഞ ജീവിതവും മരണത്തേക്കാള്‍ പ്രിയങ്കരമാണ്. മരണം കയ്യെത്തുന്ന അകലത്തില്‍ എപ്പോഴുമുണ്ടല്ലോ? പക്ഷേ ജീവിതം ഇനയൊരിക്കല്‍കൂടിയുണ്ടാകുമോ? കടവില്‍ വെളളം ഒരുപാടുയര്‍ന്നിട്ടുണ്ട്. കടത്തു നിര്‍ത്തി വെച്ചിരിക്കുകയാണെന്നത് ഒരു ആശ്വാസമാണ്. നീ അക്കരെയുമാണല്ലോ?

Tuesday 15 December 2009

വാസുവിന്റെ മക്കള്‍

ഇത് ഉഷ്ണകാലം. പുഴയുടെ ഈ കരയില്‍ എവിടെയും വെളളമില്ല. ഞങ്ങളുടെ കിണറ്റില്‍ മാത്രം വെളളമുണ്ട്. പുഴ എന്നൊന്നും പറഞ്ഞുകൂടാ വരട്ടാറ് എന്നാണ് ആളുകള്‍ പറയുക. നിറയെ ആഫ്രിക്കന്‍ പായലും മുട്ടറ്റം വെളളവുമുണ്ട്. ഈ വര്‍ഷം ചൂടിത്തിരി കൂടുതലാണ്. എല്ലാ വര്‍ഷവും ആളുകള്‍ ഇങ്ങനെ തന്നെയാണ് പറയാറ്. ആറ്റില്‍ മീനുകള്‍ ധാരാളമുണ്ട്. വെളളം കുറവായതുകൊണ്ട് ആറ്റുവക്കിലുളള മരങ്ങളുടെ തണലില്‍ പായലിനടിയില്‍ ഒളിച്ചിരിക്കയാണെല്ലാം.
ഞങ്ങളുടെ പുരയിടം കഴിഞ്ഞാല്‍ തെക്കുഭാഗത്ത് താമസിക്കുന്നത് വാസുവാണ്. ആളുകള്‍ വിളിക്കുന്നത് മൂരിവാസുവെന്നാണ്. ആടിനെയും പശുക്കളെയും ഇണ ചേര്‍പ്പിക്കുന്നതവിടെയാണ്. ആ ഭാഗത്തു കൂടി പോയാല്‍ തന്നെ മുട്ടനാടിന്റെ ചൂര് മൂക്കിലൂടെ തുളച്ചു കയറും. മുട്ടനാടിന്റെ ചൂര് തന്നെയാണ് വാസുവിനും. അതിരാവിലെ തന്നെ ആളുകള്‍ ആടുകളെയും പശുക്കളെയും കൊണ്ടു വരും. ചിലവ മദിയോടെ കയറു പൊട്ടിക്കാന്‍ നില്‍ക്കുമ്പോള്‍ മറ്റു ചില പശുക്കിടാങ്ങള്‍ ആദ്യ രാത്രിയിലെ നവോഢയുടെ അമ്പരപ്പോടെയും ഭയപ്പാടോടെയും നില്‍ക്കും. അവയെ ഇടുക്കു കൂട്ടില്‍ കയറ്റി മൂരിയെക്കൊണ്ടു ചവിട്ടിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്നറിയാതെയും തിന്നു മദിച്ച കാളയുടെ ഭാരവും കാമവും താങ്ങനാവാതെയും ചിലത് കൂട്ടില്‍ വീഴും. (മൂരിയ്ക്ക് കാമവേദന;പശുവിന് പ്രാണവേദന) അപ്പോള്‍ വാസു പല മൂരിപ്രയോഗങ്ങളും നടത്തും. പൃഷ്ഠത്തില്‍ കൈ കടത്തുക, വാല്‍ പിടിച്ചൊടിക്കുക, കണ്ണില്‍ കാന്താരി മുളക് പൊട്ടിച്ച് തേക്കുക എന്നിവയാണ് അവ. ഒരിക്കല്‍ അയാള്‍ വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ വാസുവിന്റെ അടുത്തു ചെന്ന് മണം പിടിച്ചു നോക്കി. അന്നാണ് എനിക്ക് മനസ്സിലായത് വാസുവിനും മുട്ടനാടിന്റെ ചൂരാണെന്ന്.
യഥാര്‍ത്ഥത്തില്‍ മൂരിശൃംഗാരം മുട്ടനാടിനാണ്. ഒരു കൊച്ചാട്ടിന്‍ കുട്ടി വന്നു നില്‍ക്കുമ്പോള്‍ അവന്‍ ചില ശബ്ദങ്ങളൊക്കെ പുറപ്പെടുവിക്കും. മൂക്കു വിറപ്പിച്ച് പിന്‍ഭാഗം മണപ്പിക്കും. ചിലപ്പോള്‍ പൃഷ്ഠത്തില്‍ നക്കും. അപ്പോള്‍ വാസു മുട്ടനാടിന്റെ രണ്ടു കയറിലും പിടിച്ച് 'മോനേ ചാടെടാ' എന്നൊക്കെ പറയും.
ആണുങ്ങളല്ലാതെ ആരെങ്കിലും ആടിനെ കൊണ്ടുവരുമ്പോള്‍ വാസു ഭാര്യയെ സഹായത്തിനു വിളിക്കും. ഭാര്യ മുട്ടന്റെ മുതുകില്‍ മൂന്നു വിരല്‍ കൊണ്ടൊന്നമര്‍ത്തും. അപ്പോള്‍ അവന്‍ മൂരിച്ചു ചാടും. യഥാസ്ഥാനകര്‍മ്മം നിര്‍വ്വഹിക്കാന്‍ അവര്‍ അവനെ സഹായിക്കും. പണ്ടൊരിയ്ക്കല്‍ വാസുവിന്റെ ഭാര്യ സഹായിക്കാനെത്തിയത് വേലിക്കിടയില്‍ക്കൂടി കണ്ടപ്പോള്‍ ഞാനൊന്ന് പുളഞ്ഞു. അച്ഛന്റെ കയ്യിലെ രണ്ട് കൂട്ടിപ്പിടിച്ച ഈര്‍ക്കില്‍ കൊണ്ട് തുടയില്‍ അടി വീണപ്പോള്‍ ഞാന്‍ ഒന്നുകൂടി പുളഞ്ഞു.
വാസു ചേര്‍ത്തുവിട്ട ആടുകളെല്ലാം യഥാകാലം ഗര്‍ഭം ധരിച്ചു. വാസുവിന്റെ ഭാര്യ മാത്രം ഗര്‍ഭം ധരിച്ചില്ല. മററുളളവര്‍ക്കുവേണ്ടിയുളള വാസുവിന്റെ പരിശ്രമങ്ങളെല്ലാം ഫലം കണ്ടപ്പോഴും സ്വപരിശ്രമങ്ങളൊന്നും ലക്ഷ്യം കണ്ടില്ല. അങ്ങനെ 'മൂരിവാസു'വിന് 'മച്ചി വാസു'വെന്നും പേരു ചാര്‍ത്തിക്കിട്ടി. നാട്ടുകാര്‍ തരാതരം പോലെയും സന്ദര്‍ഭമനുസരിച്ചും വാസുവിനെ സംബോധന ചെയ്തു.
വിഷാദവും ദേഷ്യവും ചേര്‍ന്ന് വാസുവിന് ഒരു മുശടന്‍ സ്വഭാവം നല്‍കി. തിരക്കുളള ദിവസങ്ങളില്‍ ചില ആടുകളുടെ ഉടമസ്ഥര്‍ പിറ്റേന്നു മാത്രമേ വരൂ. വേദന കലര്‍ന്ന നിരാശയോടെ അയാള്‍ സന്ധ്യക്ക് ആ ആടുകളെ നോക്കി ഏറെ നേരം ഇരിക്കും. അപരിചിതമായ ചുററുപാടുകളില്‍ ആ ആടുകള്‍ രാത്രിയില്‍ നിലവിളിക്കുന്നതു കേള്‍ക്കാം. പെണ്ണാടുകളെ അഭിമുഖീകരിക്കാന്‍ തന്നെ വാസുവിന് പ്രയാസമായി. അവ തന്നെ പരിഹസിക്കുന്നതായി അയാള്‍ കരുതി.
ഒരിയ്ക്കല്‍ തിരുമൂലകാളച്ചന്തയ്ക്ക് പോയ വാസു അവിചാരിതമായി തിരിച്ചു വന്നു. വാതില്‍ക്കല്‍ നിന്ന് ഒന്നു വിളിച്ചു. അനക്കമില്ല. അല്ല എന്തോ ശബ്ദമുണ്ട്. ഉച്ചനേരത്ത് പെരുമഴയത്ത് കുടിലിനുളളിലൊരു മദിയിളക്കം. കയ്യിലിരുന്ന വാഴയില കളഞ്ഞ് അയാള്‍ ചെറ്റയ്ക്കിടയിലുടെ ഉളളിലേക്ക് നോക്കി. ആരോ ചെറ്റ പൊക്കിയിരിക്കുന്നു. അവള്‍ ആടുകളുടെ മാത്രമല്ല; ആളുകളുടെയും കാമോദ്ദീപനമര്‍മ്മം കണ്ടെത്തിയിരിക്കുന്നു. അയാളുടെ തലയിലേക്ക് രക്തം ഇരമ്പിക്കയറി.
'അപ്പോള്‍ ചന്തയ്ക്ക് പോകുന്ന പോക്കില്‍ ഏതോ വകയിലുളള അളിയന്റെ വീട്ടില്‍ കയറാന്‍ നിര്‍ബന്ധിക്കുന്നത് വെറുതെയല്ല'.
വാസു നിശബ്ദം അവിടെ നിന്നും പിന്തിരിഞ്ഞു. പെരുമഴയില്‍ അയാള്‍ എങ്ങോട്ടെന്നില്ലാതെ നടന്നു. ലക്ഷ്യമില്ലാതെ നടക്കുന്നവര്‍ ചെന്നെത്തുന്ന സ്ഥലത്തു തന്നെ അയാളും ചെന്നു. കള്ളും കരിമീനും വാസുവിന്റെ പ്രജ്ഞയില്‍ മിന്നല്‍പിണരുകള്‍ പായിച്ചു. അയാള്‍ ആര്‍ത്തട്ടഹസിച്ചു ചിരിക്കാന്‍ തുടങ്ങി.
'എന്താ വാസുവണ്ണന്‍ ഒറ്റയ്ക്കിരുന്നു ചിരിക്കുന്നത്. രസം വല്ലോമാന്നെങ്കി ഞങ്ങളോടുകൂടെ പറ'
കറിക്കാരി ചെല്ലമ്മ ലോഹ്യം പറഞ്ഞു.
'നീ ഇപ്രത്തോട്ടു വന്നേ കൊച്ചേ. ഞാനിനി മച്ചിവാസുവല്ലെടീ. ഞാന്‍ മൂരിവാസു തന്നെയാ.'
' അണ്ണനെന്തവാ പോക്കണംകേടു പറേന്നെ'
വാസു കൈ കഴുകാനായി ഷാപ്പിന്റെ പിറകിലേക്കു നടന്നു. മീന്‍ വെട്ടിയ വെളളം കളയാന്‍ ചെല്ലമ്മയും.
'ഒരുത്തന്‍ കുടീലൊരുപാടു നാളു കേറിയെറങ്ങേണ്ടി വന്നെടീ എനം തിരിയാന്‍.'
എണീക്കാത്ത പശുവിന്റെ പൃഷ്ഠത്തില്‍ കാണിക്കുന്ന ഒരു വിദ്യ വാസു കാണിച്ചു. ചെല്ലമ്മ കോരിത്തരിച്ചു. കുറേ മാസങ്ങള്‍ക്കു ശേഷം ഒരു നാള്‍ വാസു തന്റെ ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്തു. പൊടുന്നനെയായിരുന്നു ആ തീരുമാനം. വിത്തുകാളയെയും മുട്ടനാടിനെയും തിരുമൂല കാളച്ചന്തയില്‍ വിറ്റു. അന്യായ തുക മുടക്കി വാസു റ്റി. എസ്. 37- നമ്പര്‍ ഷാപ്പ് ലേലത്തില്‍ പിടിച്ചു. മൂരിവാസു ഷാപ്പുകാരന്‍ വാസുവായി. ഉടമസ്ഥന്‍ മാറിയെങ്കിലും തൊഴിലാളികള്‍ക്ക് മാറ്റം ഉണ്ടായില്ല. പ്രത്യേകിച്ചും കറിക്കാരിക്ക്. പക്ഷേ ചെല്ലമ്മയ്ക്ക് ഒരു പ്രമോഷന്‍ ലഭിച്ചു. അങ്ങനെ വാസുവിന്റെ അവകാശവാദങ്ങള്‍ക്ക് ചെല്ലമ്മയുടെ കോടതിയില്‍ സാക്ഷികള്‍ പെറ്റുവീണു.    

Followers

About Me

My photo
I authored two books in regional language and interested in writing.Those who try to evaluate me listen and behold:nothing is mine, even these letters.

littlenonsensestories